അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് ലോട്ടറി വില്പനക്കാരന് ഗുരുതര പരിക്ക്; സംഭവം കോട്ടയം ശാസ്ത്രി റോഡിൽ; പരിക്കേറ്റ 62 കാരനെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: കോട്ടയം ശാസ്ത്രി റോഡിൽ അമിത വേഗതയിലെത്തിയ ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. വാരിശേരി സ്വദേശി ജയരാജൻ (പിള്ളേച്ചൻ) (62) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11:15 ഓടെയാണ് സംഭവം.

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചിടുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടമായ ബൈക്ക് വഴിവിളക്ക് തൂണുകളിൽ ഇടിക്കുകയും എതിർ ദിശയിൽ നിന്നു വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയും ചെയ്തു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയരാജനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രി പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരുടെ പരിക്ക് സാരമല്ലെന്നാണ് ലഭിക്കുന്ന വിവരം. വർഷങ്ങളായി ശാസ്ത്രി റോഡിൽ ലോട്ടറി വിൽപ്പന നടത്തുന്നയാളാണ് ജയരാജൻ.