കോട്ടയം: തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രവാസിക്കു ജോലിയില്‍ തിരികെ പ്രവേശിക്കാനായുള്ള വിദേശയാത്ര മുടങ്ങി.
തെരുവുനായ ആക്രമിച്ചു കടിച്ചെടുത്ത വിരല്‍ അടുത്ത തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്യും. ഇതോടെയാണ് വിദേശയാത്ര മുടങ്ങുന്നത്.
അയർക്കുന്നം പുന്നത്തുറ പൂവത്തുങ്കല്‍ പി.ടി. ഷാജിമോനെ(54)യാണ് കഴിഞ്ഞ 17ന് കോട്ടയം കുര്യൻ ഉതുപ്പ് റോഡില്‍ തെരുവുനായ കടിച്ചുകീറിയത്.
വർഷങ്ങളായി സൗദിയിലായിരുന്ന ഷാജി നാലു മാസം മുൻപ് നാട്ടില്‍ വന്ന ശേഷം നാളെ തിരികെ സൗദിയിലേക്കു മടങ്ങുന്നതു മുന്നോടിയായി സാധനങ്ങള്‍ വാങ്ങാനായി കോട്ടയത്ത് എത്തിയപ്പോഴാണ് നായ ആക്രമിച്ചത്.
കോട്ടയം കുര്യൻ ഉതുപ്പ് റോഡിനു സമീപത്തുള്ള കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി പ്ലസ് ടു വിദ്യാർഥിയായ മകനുമൊത്തു നടക്കുമ്പോള്‍ റോഡില്‍ നിന്ന തെരുവുനായ പാഞ്ഞെത്തി ഷാജിയെ കടിക്കുകയായിരുന്നു. തുടർന്നു നായ മകനു നേരേ തിരിഞ്ഞതോടെ ഷാജി പ്രതിരോധിക്കാൻ ശ്രമിച്ചു.
ഈ സമയം കൂടുതല്‍ ആക്രമണകാരിയായി മാറിയ നായ ഷാജിയുടെ ഇരു കൈകളിലും തലങ്ങും വിലങ്ങും കടിക്കുകയായിരുന്നു.
ഷാജിയുടെ വലതുകൈത്തുമ്പ് കടിച്ചു പറിച്ചെടുത്തു. കൈപ്പത്തിയുടെ മുകള്‍ ഭാഗവും കടിച്ചു കീറി. കൈകള്‍ ചോരയില്‍ കുളിച്ചു. കൈകളില്‍ പത്തു തവണ നായ കടിച്ച പാടുണ്ട്.
ഈ സമയം ഭാര്യ ജെയ്ൻ കടയില്‍ നിന്ന് ഇറങ്ങി വരുകയായിരുന്നതിനാല്‍ നായയുടെ ആക്രമണത്തില്‍ അകപ്പെട്ടില്ല.
