കോട്ടയം മെഡിക്കല്‍ കോളജില്‍ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞുവീണു; തൊഴിലാളിക്ക് പരുക്ക്, നിർമ്മാണം നടക്കുന്നതിനിടെ പൊളിച്ചുകളഞ്ഞ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്

കോട്ടയം മെഡിക്കല്‍ കോളജില്‍ കോണ്‍ക്രീറ്റ് പാളി അടർന്നു വീണ് തൊഴിലാളിക്ക് പരുക്ക്. നിർമ്മാണം നടക്കുന്നതിനിടെ പൊളിച്ചുകളഞ്ഞ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്.

ഒഡീഷാ സ്വദേശിക്കാണ് പരുക്കേറ്റത്. പാരപ്പറ്റിന് മുകളില്‍ കയറിയതിന് പിന്നാലെ ഒരു ഭാഗം അടർന്ന് വീഴുകയായിരുന്നു. ഇയാള്‍ക്ക് കാര്യമായ പരുക്കേറ്റിട്ടില്ല. നിലവില്‍ മെഡിക്കല്‍ കോളജിലെ ക്യാഷ്വാലിറ്റിയിലേക്ക് ഇയാളെ മാറ്റിയിരിക്കുകയാണ്.

 

നേരത്തെ ആശുപത്രിയുടെ പഴയ ശുചിമുറിയുടെ കോണ്‍ക്രീറ്റ് തകർന്നുവീണ് ബിന്ദു എന്ന യുവതി മരിച്ചിരുന്നു. ഈ കെട്ടിടത്തിന് നേരെയുള്ള ഭാഗത്താണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. നിർമ്മാണം നടക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. ഇതേ കെട്ടിടത്തില്‍ രോഗികള്‍ ചികിത്സയ്ക്കായി കിടക്കുന്നുണ്ട് അതുകൊണ്ടുതന്നെ ആശങ്ക നിലനില്‍ക്കുകയാണ്.