കോട്ടയം: മുളങ്കുഴ, പോളിടെക്‌നിക് കോളജ്, നഗരസഭാ നാട്ടകം മേഖലാ ഓഫിസ് എന്നിവിടങ്ങളിൽ അപകടം പെരുകുന്നു.
ചെട്ടിക്കുന്ന് ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരുന്ന വാഹനങ്ങളും പാറോച്ചാൽ ബൈപാസിൽ നിന്ന് ചിങ്ങവനം ഭാഗത്തേക്കു പോകുന്ന വാഹനങ്ങളും ദേശീയ പാതയിൽ പ്രവേശിക്കുമ്പോഴാണ് കൂടുതലും അപകടങ്ങൾ ഉണ്ടാകുന്നത്.
മുളങ്കുഴയിൽ ചെട്ടിക്കുന്ന് ഭാഗത്തുനിന്നു ദേശീയപാതയിലേക്കു പ്രവേശിച്ച ഇരുചക്രവാഹന യാത്രക്കാരൻ 3 മാസങ്ങൾക്കു മുൻപാണ് അപകടത്തിൽ മരിച്ചത്. ദേശീയപാതയിലെ വഴിവിളക്കുകളൊന്നും പ്രകാശിക്കാത്തതിനാൽ രാത്രി ഇവിടം ഇരുട്ടു നിറയും.
ദേശീയപാതയിലൂടെ പോകുന്ന മിക്ക വാഹനങ്ങളും ഹെഡ്ലൈറ്റ് ഡിം ചെയ്യാറില്ലെന്നും പരാതിയുണ്ട്. ടാർ ചെയ്‌തതു മൂലം നടപ്പാതയേക്കാൾ റോഡ് ഉയർന്നിരിക്കുന്നതും ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാണ്. മുളങ്കുഴയിലും സിമൻ്റ് കവലയിലും സിഗ്നൽ ലൈറ്റ് സ്‌ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
