കോട്ടയം: കോട്ടയം നഗരസഭയില്‍നിന്ന് പെന്ഷന് തുകയില്‍ തിരിമറി നടത്തി ജീവനക്കാരന് മൂന്നുകോടി തട്ടിയെടുത്തെന്ന കേസില്‍ അന്വേഷണം വിജിലന്‍സിന് കൈമാറി. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചു.
നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സാജു വര്‍ഗീസാണ് കേസ് അന്വേഷിച്ചിരുന്നത്. കോട്ടയം നഗരസഭയിലെ ജീവനക്കാരന് അഖില്‍ സി.വര്‍ഗീസാണ് ജീവനക്കാരുടെ പെന്ഷന്തുകയില് തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്തത്.
പ്രതിയുടെ മരിച്ചുപോയ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നഗരസഭയിലെ പെന്ഷന് തുക മാറ്റിയിരുന്നത്. പ്രതി ഒളിവിലാണ്. തട്ടിയെടുത്ത 2.39 കോടിയുടെ തെളിവുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ശേഖരിച്ചിരുന്നു. ഒളിവില്‍പോയ പ്രതിക്കായി ക്രൈംബ്രാഞ്ച് സംസ്ഥാനമൊട്ടാകെയും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.
പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ബന്ധുവിനെ അറസ്റ്റു ചെയ്തിരുന്നു. ഒളിവില്‍പോകുന്നതിന് തലേദിവസം ഏഴുലക്ഷത്തിലേറെ രൂപ പ്രതി ബാങ്കില്‍നിന്ന് പിന്‍വലിച്ചിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതുകൂടാതെയുള്ള പണവും പ്രതിയുടെ കൈവശമുണ്ടെന്നാണ് ലഭിച്ചിരുന്ന വിവരം.
ഒളിവില്‍പോയശേഷം ഇയാള്‍ മൊബൈല്‍ ഫോണോ, എ.ടി.എം.കാര്‍ഡോ ഉപയോഗിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി. സാജു വര്‍ഗീസ് പറഞ്ഞു. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അന്വേഷണം വിജിലന്‍സിന് കൈമാറിയതിനാല്‍ അടുത്ത ദിവസംതന്നെ ഫയലുകള്‍ കൈമാറുമെന്ന് ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് പറഞ്ഞു.
ഒളിവില്‍പോയ പ്രതിക്ക് ചങ്ങനാശ്ശേരി നഗരസഭയിലേക്ക് സ്ഥലംമാറ്റം നല്കി തദ്ദേശ സ്വയംഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും വിവാദമായതോടെ പിറ്റേന്നുതന്നെ പിന്‍വലിച്ചിരുന്നു.
