കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലായി 63 കോടി രൂപയുടെ പുതിയ പദ്ധതികള്‍ 18 മാസത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി പി.പ്രസാദ്

ആലപ്പുഴ: നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുള്ള 1000 കോടി രൂപയില്‍ നിന്ന് ഒരു നിയോജക മണ്ഡലത്തില്‍ ഏഴ് കോടി രൂപ എന്ന നിരക്കില്‍ ജില്ലയിലെ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നതിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിതല യോഗം വിളിച്ചത്. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും അതത് ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കുന്ന ഏഴുകോടി രൂപയുടെ പദ്ധതിയാണ് അംഗീകരിക്കുകയെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു.

വരുന്ന 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നത് മാത്രമാണ് ആകെയുള്ള നിബന്ധനയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതികള്‍ക്ക് ഭൂമി ലഭ്യമാണോയെന്ന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും ജില്ല കളക്ടറും ഉറപ്പാക്കണം.

പദ്ധതി 18 മാസത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സാധ്യമാകുന്ന വിധത്തില്‍ ഭൂമി കണ്ടെത്താന്‍ കഴിയുമെങ്കില്‍ അതും പരിഗണിക്കാം. ഭൂമി ഏറ്റെടുക്കുന്നത് തീരെ ബുദ്ധിമുട്ടുള്ള പദ്ധതികള്‍ ഒഴിവാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.