കാഞ്ഞിരപ്പള്ളി: ദേശീയപാത 183ൽ കോട്ടയം മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചെങ്കല്ലപ്പള്ളിയിൽ നിന്നാണ് നവീകരണം ആരംഭിച്ചത്. കോട്ടയം മുതൽ മണർകാട് വരെയും മണർകാട് മുതൽ മുണ്ടക്കയം വരെയുള്ള ഭാഗം രണ്ട് ഘട്ടമായിട്ടാണ് ചെയ്യുന്നത്. ആകെ 53 കിലോമീറ്ററാണ് നവീകരിക്കുന്നത്.
റോഡ് പൂർണമായും തകർന്ന ഭാഗങ്ങളിൽ റീ ടാറിങ്ങും മറ്റു ഭാഗങ്ങളിൽ കുഴിയടയ്ക്കലുമാണ് നടത്തുന്നത്. എല്ലാ വർഷവും ചെയ്യുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നിർമാണം. പാതയോരത്തെ കാടു വെട്ടിത്തെളിക്കൽ, ഓട ശുചീകരണം ഉൾപ്പെടെ 4 കോടിയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
ജൂൺ മാസത്തിനു മുൻപായി മുഴുവൻ അറ്റകുറ്റപ്പണികളും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു മുൻപിലെ അടഞ്ഞു കിടക്കുന്ന ഓട അടക്കം വൃത്തിയാക്കി നവീകരിക്കും. പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്നും ദേശീയപാത വിഭാഗം അധികൃതർ അറിയിച്ചു.
