ഭര്‍ത്താവ് മരിച്ച ഷേര്‍ളി കൂവപ്പള്ളിയിലെ വീട്ടില്‍ താമസിക്കാനെത്തിയത് 7 മാസം മുൻപ്; യുവതിയെ കൊലപ്പെടുത്തിയത് കോട്ടയം താഴത്തങ്ങാടി സ്വദേശി; ദുരൂഹത തുടരുന്നു

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ യുവതിയെയും യുവാവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. ചങ്ങനാശേരി സ്വദേശിനിയായ ഷേര്‍ളി മാത്യു , കോട്ടയം താഴത്തങ്ങാടി സ്വദേശിയായ യുവാവ് എന്നിവരാണ് മരിച്ചത്. ആറുമാസം മുമ്പാണ് ഭര്‍ത്താവ് മരിച്ച ഷേര്‍ളി കൂവപ്പള്ളിയിലെ കുളപ്പുറത്ത് താമസത്തിനെത്തിയത്. ഷേര്‍ളിയെ വീടിന്റെ തറയില്‍ മരിച്ച നിലയിലും, യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഷേര്‍ളിയെ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് പരിചയക്കാരൊരാള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണത്തെക്കുറിച്ചോ യുവാവിനെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നിലവിൽ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഷേര്‍ളിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷേര്‍ളിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെത്തുകയായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിനോട് ചേര്‍ന്ന് കഴുത്തറുക്കപ്പെട്ട് രക്തം വാര്‍ന്ന നിലയിലായിരുന്നു ഷേര്‍ളിയുടെ മൃതദേഹം. യുവാവിനെ വീടിന്റെ സ്റ്റെയര്‍കേയ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പിന്‍വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.