കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയുടെ രണ്ടാംനിലയിലേക്കു ശുദ്ധജലമെത്താൻ ബുദ്ധിമുട്ട്; നട്ടം തിരിഞ്ഞ് രോഗികളും ആശുപത്രി അധികൃതരും

കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയുടെ രണ്ടാംനിലയിലേക്കു ശുദ്ധജലമെത്താൻ ബുദ്ധിമുട്ട്. നട്ടം തിരിഞ്ഞ് രോഗികളും ആശുപത്രി അധികൃതരും. ആശുപത്രിയുടെ ഒന്നാംനിലയും അനുബന്ധ കെട്ടിടങ്ങളും ശുദ്ധജലമെടുക്കുന്നതോടെ ടാങ്കിലെ അളവ് കുറയും.

ഇതോടെ രണ്ടാം നിലയിലേക്കു ജലം എത്തുകയുമില്ല. ശുദ്ധജലവിതരണത്തിനു ജലഅതോറിറ്റിക്കു ആയുർവേദ ആശുപത്രി മാസവും നൽകുന്നതു 1.80 ലക്ഷം രൂപയാണ്. ആശുപത്രി പരിസരത്തു ശുദ്ധജലം കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. ജല അതോറിറ്റി നൽകുന്ന വെള്ളം തികയാതെ വന്നാൽ ടാങ്കർ ലോറിയിൽ എത്തിക്കും. ഇതിനും പണം മുടക്കണം.

ജില്ലാ ആശുപത്രി പ്രവർത്തിക്കുന്ന വയസ്കര ഭാഗത്തു നഗരസഭയ്ക്ക് സ്വന്തമായി കിണറുണ്ട്. ഇതു ജലസമൃദ്ധമാണ്. കിണർ ആശുപത്രിക്കു വിട്ടുനൽകിയാൽ ആശ്വാസമെന്ന് അധികൃതർ പറയുന്നു. കിണറ്റിൽനിന്നു വെള്ളം നൽകാൻ അനുമതി തേടി നഗരസഭയ്ക്ക് ആശുപത്രി അധികൃതർ കത്തു നൽകിയിട്ടുണ്ട്.

62 കിടപ്പുരോഗികളെ ചികിത്സിക്കാനുള്ള സൗകര്യമാണ് ആശുപത്രിക്കുള്ളത്. കൂടുതൽ പേരും കഴിയുന്നത് രണ്ടാം നിലയിലാണ്. രോഗികളും കൂട്ടിരിപ്പുകാരും ഊഴംവെച്ച് കാത്തിരുന്ന് ഒന്നിലധികം ബക്കറ്റുകളിൽ വെള്ളം ശേഖരിച്ച് സൂക്ഷിക്കും. രണ്ടാംനിലയിലെ വാർഡിൽ രോഗികൾ 2 ബക്കറ്റ് വെള്ളം വീതം ശേഖരിച്ചാൽ പൈപ്പിലൂടെ വരുന്ന വെള്ളത്തിനു ശക്തി കുറയും. ഒട്ടുമില്ലാതാവുകയും ചെയ്യും.

ആയുർവേദ ആശുപത്രിയായതിനാൽ ജല ഉപയോഗം കൂടുതലാണ്. എന്നാൽ, ശുദ്ധജലം രണ്ടാംനിലയിലേക്ക് എത്തുമ്പോൾ ശക്തി കുറയുന്നതാണ് ക്ഷാമത്തിനു കാരണമെന്നും പരിഹാരമുണ്ടാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.