അച്ഛൻ അമ്മയെ മദ്യലഹരിയിൽ മർദ്ദിക്കുന്നത് കണ്ട് മനോവിഷമത്തിൽ വീടുവിട്ടിറങ്ങി പോയ പെൺകുട്ടിയെ അച്ഛൻ്റെ സുഹൃത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു;

കൊല്ലം : പരവൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 64 കാരൻ അറസ്റ്റില്‍. പൂതക്കുളം മുക്കട സ്വദേശി പ്രസന്നനാണ് പിടിയിലായത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു.

പരവൂർ മുക്കട ജംഗ്ഷനില്‍ ഓട്ടോ ഡ്രൈവറായ പ്രസന്നൻ പെണ്‍കുട്ടിയുടെ അമ്മയുടെയും അച്ഛന്‍റേയും പരിചയക്കാരനാണ്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മദ്യ ലഹരിയില്‍ അച്ഛൻ അമ്മയെ മർദ്ദിക്കുന്നതാണ് കണ്ടത്.

ഇത് കണ്ടതോടെ മനോവിഷമത്തില്‍ കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. കുട്ടിയെ കാണാനില്ലെന്ന് കണ്ടതോടെ കുടുംബം സമീപത്തെ വീടുകളില്‍ അടക്കം അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താനായില്ല. തുടർന്നാണ് സുഹൃത്തായ പ്രസന്നനെ ഫോണില്‍ വിളിച്ച്‌ മകള്‍ പിണങ്ങി പോയെന്ന് പറഞ്ഞത്. ഓട്ടോയുമായി പോയി അന്വേഷിക്കാനും ആവശ്യപ്പെട്ടു.

എന്നാല്‍ ഇരുചക്ര വാഹനത്തിലാണ് പ്രസന്നൻ കുട്ടിയെ തിരക്കി ഇറങ്ങിയത്. ഏകദേശം 3 കിലോമീറ്റർ അപ്പുറമുള്ള ബസ് സ്റ്റോപ്പില്‍ വെച്ച്‌ പ്രസന്നൻ കുട്ടിയെ കണ്ടെത്തി. കുട്ടിയുമായി അവിടെ നിന്നും മടങ്ങുന്നതിനിടെ മഴ പെയ്തു.

ഇതോടെ മഴ തോർന്നിട്ട് പോകാമെന്ന് പറഞ്ഞ് കുട്ടിയെ പ്രസന്നൻ തന്‍റെ വീട്ടിലെത്തിച്ചു. തുടർന്ന് കുട്ടിയെ കടന്നു പിടിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിക്കുകയും ചെയ്തെന്നാണ് പരാതി. ഭയന്നോടിയ കുട്ടി വീട്ടില്‍ എത്തി അമ്മയോട് വിവരം പറയുകയായിരുന്നു.

വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ പരവൂർ പൊലീസില്‍ പരാതി നല്‍കി. പിന്നാലെയാണ് പൂതക്കുളത്തെ വീട്ടില്‍ നിന്ന് പ്രസന്നനെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.