കടകളിൽനിന്ന് സാധനങ്ങൾ വാങ്ങി ശേഷം കള്ളനോട്ട് നൽകും; കിട്ടിയത് കള്ളനോട്ട് ആണെന്ന് കടക്കാർ തിരിച്ചറിയുമ്പോഴേക്കും മുങ്ങിയിട്ടുണ്ടാകും; നിരവധി കള്ളനോട്ട് കേസുകളിൽ പ്രതി; ഒളിവിൽ കഴിയുന്ന അബ്ദുൾ റഷീദിനായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

കൊല്ലം: കുണ്ടറയിൽ വ്യാപാര സ്ഥാപനങ്ങളിൽ കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങി തട്ടിപ്പ്. പത്തനാപുരം സ്വദേശി അബ്ദുൾ റഷീദാണ് തട്ടിപ്പ് നടത്തിയത്. കുണ്ടറ ഡാൽമിയ ജംഗ്ഷനിലെ കടകളിൽ കള്ളനോട്ട് നൽകിയാണ് തട്ടിപ്പ് നടത്തിയത്.

500 രൂപയുടെ കള്ളനോട്ടുകളുമായാണ് പത്തനാപുരം സ്വദേശി അബ്ദുൾ റഷീദ് എത്തിയത്. 4 കടകളിൽ കയറി സാധനങ്ങൾ വാങ്ങി. ഒരു കടയിൽ 2 നോട്ടും മറ്റ് മൂന്ന് കടകളിലായി ഓരോ നോട്ടും നൽകി. കള്ളനോട്ടാണെന്ന് കടക്കാർ തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുൾ റഷീദ്. സ്വന്തമായി കള്ളനോട്ട് നിർമ്മിക്കുന്നതാണ് രീതി. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് കുണ്ടറ പോലീസ് അറിയിച്ചു.