കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു; മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച മൊബൈല്‍ നമ്പറിന്റെ ഉടമയെയും കണ്ടെത്തി

കൊല്ലം: കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായ വാഹനത്തിന്റെ ഉടമയെ പൊലീസ് കണ്ടെത്തി.

മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച മൊബൈല്‍ നമ്പറിന്റെ ഉടമയെയും കണ്ടെത്തി.
എന്നാല്‍ ഇരുവരും തന്നെയാണോയെന്ന വാഹനവും ഫോണ്‍നമ്പറും ഉപയോഗിച്ചത് എന്ന കാര്യത്തില്‍ ഇതുവരേയും സ്ഥിരീകരണമില്ല.

ഇന്ന് വൈകിട്ട് 4.45 ഓടെയാണ് കൊല്ലം ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷൻ ക്ലാസിനായി പോയ ആറുവയസുകാരിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് സംഘമെത്തിയത്.

കുട്ടികളുടെ അടുത്ത് നിര്‍ത്തിയ വാഹനത്തില്‍ നിന്നും ഇവര്‍ക്കുനേരെ കാറിലെത്തിയവര്‍ ഒരു കടലാസ് നീട്ടി. ഇതിനിടെ പെണ്‍കുട്ടിയെ ബലമായി കാറിലേക്ക് കയറ്റിക്കൊണ്ടുപോയി എന്നാണ് സഹോദരന്റെ മൊഴി.

കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന അമയിസ് കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.