കഞ്ചാവ് കടത്തിയത് ഒഡീഷയില്‍ നിന്ന്; കൊല്ലത്ത് വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവ് പിടികൂടി; എക്സൈസ് പിടിച്ചെടുത്തത് 5.5 കിലോഗ്രാം കഞ്ചാവ്; പ്രതികള്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് കാറില്‍ കടത്തിക്കൊണ്ട് വന്ന് സൂക്ഷിച്ച കഞ്ചാവ് എക്സൈസ് പിടികൂടിയത് സാഹസികമായി.

സംഭവത്തില്‍ ക്ലാപ്പന സ്വദേശി റോയ് (45 ), കുലശേഖരപുരം സ്വദേശി പ്രമോദ്‌ കുമാർ (41) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.

5.536 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. കൊല്ലം ആലപ്പാട് സ്വദേശി നിധിനാണ് കേസിലെ മൂന്നാം പ്രതി.

ഒഡീഷയില്‍ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച്‌ പിന്നീട് കാറില്‍ കടത്തിക്കൊണ്ട് വന്ന് സൂക്ഷിച്ചിരിക്കെയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻറ് ആന്റീ നാർക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ ഷിജു എസ് എസും എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്താലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.