വ്യാപാരിയുടെ കൊലപാതകം ; മൈലപ്ര പോസ്റ്റ് ഓഫിസ് പടിക്കല്‍ വ്യാപാരിയെ സ്വന്തം കടക്കുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.

 

പത്തനംതിട്ട : മൈലപ്ര പോസ്റ്റ് ഓഫിസ് പടിക്കല്‍ വ്യാപാരിയെ സ്വന്തം കടക്കുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സ്റ്റേഷനറിക്കട നടത്തിയിരുന്ന പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയാണ് (73) മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കടയില്‍ സാധനം വാങ്ങാൻ എത്തിയവരാണ് കടയുടെ ഉള്ളിലെ മുറിയില്‍ ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്.

മൈലപ്ര പോസ്റ്റ് ഓഫിസിനോട് ചേര്‍ന്ന രണ്ടുമുറി കടയില്‍ കൈകാലുകള്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച്‌ വരിഞ്ഞുമുറുക്കി കെട്ടി വായില്‍ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടത്. കടയിലെ സി.സി ടി.വി കാമറകള്‍ തകര്‍ത്തിട്ടുണ്ട്. കാമറ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഡിസ്ക് ഭാഗവും എടുത്തുകൊണ്ടുപോയി. കടയില്‍ സാധനം വാങ്ങാൻ വന്നയാള്‍ ഇദ്ദേഹത്തെ കാണാത്തതിനാല്‍ ഉള്ളിലേക്ക് കയറി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. ഉടൻ സമീപത്തുള്ളവരെ കൂട്ടി പൊലീസിനെ വിവരം അറിയിച്ചു.

ഡോ. എത്തി മരണം സ്ഥിരീകരിച്ചു. അടുത്ത വീടുകളിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക്-വിരലടയാള വിദഗ്ധരും പരിശോധന നടത്തി. നടപടികള്‍ സ്വീകരിച്ച്‌ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പത്തനംതിട്ട പൊലീസ് അറിയിച്ചു. ഭാര്യ: അന്നമ്മ ജോര്‍ജ്. മക്കള്‍: ഷാജി ജോര്‍ജ്, സുരേഷ് ജോര്‍ജ്. മരുമക്കള്‍: ആശ ഷാജി, ഷേര്‍ളി സുരേഷ്.

ഇതിനിടെ, വ്യാപാരിയുടെ കൊലപാതകത്തില്‍ ഏറെ ദുരൂഹതയുള്ള സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചിരിക്കയാണ്. പത്തനംതിട്ട എസ്.പി വി. അജിത്തിനാണ് അന്വേഷണത്തിെൻറ മേല്‍നോട്ടം. രണ്ട് ഡി.വൈ.എസ്.പി മാര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.