കിഫ്‌ബി മസാല ബോണ്ട്: ഇഡി നോട്ടീസ് മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: കിഫ്‌ബി മസാല ബോണ്ടിലെ ഇഡി നോട്ടീസ് മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. മുഖ്യമന്ത്രിയ്ക്കും മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിനും കിഫ്‌ബി സിഇഒ കെ എം എബ്രഹാമിനും ആശ്വാസം നല്‍കുന്നതാണ് ഹൈക്കോടതി ഇടപെടല്‍.

ഇഡിയുടേത് സ്ഥിരം കലാപരിപാടിയാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് കേസ് കുത്തിപ്പൊക്കുകയാണെന്നുമായിരുന്നു നോട്ടീസ് ലഭിച്ചപ്പോള്‍ തോമസ് ഐസക് പ്രതികരിച്ചത്. ഫെമ ചട്ടലംഘനം നടന്നതായി കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രിക്കടക്കമുള്ളവർക്ക്‌ ഇഡി നോട്ടീസ് നല്‍കിയത്.

 

മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിച്ചത് ഫെമ ചട്ടലംഘനം ആണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മൂന്ന് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുന്നില്‍ ഇഡി ഇതുസംബന്ധിച്ച്‌ പരാതി സമർപ്പിച്ചത്.

2019ല്‍ ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ 9.72 ശതമാനം പലിശയില്‍ മസാല ബോണ്ടിറക്കി 2150 കോടി രൂപയാണ് സർക്കാർ‌ സമാഹരിച്ചത്. 2019 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലെ യോഗത്തിലാണ് മസാല ബോണ്ട് ഇറക്കാൻ തീരുമാനമായത്. വിദേശ വാണിജ്യ വായ്‌പ സർക്കാർ ദുരുപയോഗം ചെയ്തെന്നാണ് ഇഡി കണ്ടെത്തല്‍.