തിരുവനന്തപുരം: ഗതാഗതവകുപ്പിലെ പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി നിയമലംഘനങ്ങള്‍ക്കുള്ള പിഴ തവണകളായി അടയ്ക്കാന്‍ സംവിധാനമൊരുങ്ങുന്നു.
ഒരാള്‍ക്ക് വിവിധ കുറ്റങ്ങളിലായി 200, 500, 1000, 5000 എന്നീ പിഴകളുണ്ടെങ്കില്‍ ഇതെല്ലാംകൂടി ഒന്നിച്ച് 6,700 രൂപ അടയ്ക്കണമെന്നതാണ് നിലവിലെ രീതി. സാധാരണ വരുമാനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇത് പലപ്പോഴും ഒന്നിച്ചുനല്‍കാനാകാതെ പിഴയടയ്ക്കല്‍ നീളുന്നുണ്ട്.
ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. പിഴ തവണകളായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക ജോലികളും സോഫ്റ്റ് വേര്‍ പുതുക്കലും നടന്നുവരികയാണ്. ഇതു പൂര്‍ത്തിയായാലുടന്‍ തവണകളായി പിഴ സ്വീകരിച്ചുതുടങ്ങും.
അധികം വൈകാതെ സംവിധാനം നിലവില്‍വരുമെന്ന് ഗതാഗതവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെറ്റായ പാര്‍ക്കിങ്, അമിതവേഗം, അശ്രദ്ധയോടെ ഡ്രൈവിങ്, യൂണിഫോം ധരിക്കാതെയുള്ള ടാക്‌സി ഡ്രൈവിങ്, എയര്‍ഹോണ്‍ മുഴക്കല്‍, രാത്രികാലങ്ങളില്‍ ലൈറ്റ് ഡിമ്മും ബ്രൈറ്റും ചെയ്യാതിരിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് വ്യത്യസ്ത പിഴകളുണ്ട്.
നിലവില്‍ ഇവയില്‍ മൂന്നോ നാലോ കുറ്റങ്ങള്‍വന്നെങ്കില്‍ അതെല്ലാം ഒന്നിച്ച് പലരും അടയ്ക്കുന്നില്ലെന്നും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
