നിയമസഭാ തിരഞ്ഞെടുപ്പ്; വ്യാജവാര്‍ത്താ പ്രചാരണത്തിനെതിരെ കര്‍ശന നടപടിയുമായി കേരള പോലീസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി വ്യാജവാർത്തകളും തെറ്റായ വ്യാഖ്യാനങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കേരള പോലീസ് നടപടികള്‍ കടുപ്പിക്കുന്നു.

 

തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന നിരവധി അക്കൗണ്ടുകളും യുആർഎല്ലുകളും ഇതിനകം തന്നെ സൈബർ ഓപ്പറേഷൻസ് വിഭാഗം നീക്കം ചെയ്തിട്ടുണ്ട്.

 

 

 

പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളുമായി സഹകരിച്ച്‌ ഇത്തരം അക്കൗണ്ടുകള്‍ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തത വരുത്തിയ വിഷയങ്ങളില്‍ പോലും തെറ്റായ വിവരങ്ങള്‍ കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുന്നത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

 

 

 

ബോധപൂർവ്വം വ്യാജവാർത്തകള്‍ ചമയ്ക്കുന്നവർക്കും അവ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി പങ്കുവെക്കുന്നവർക്കുമെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള കർശന നിയമനടപടികള്‍ സ്വീകരിക്കും. വാട്സ്‌ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഫോർവേഡ് ചെയ്യുന്നതില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സൈബർ വിഭാഗം നിർദ്ദേശിച്ചു.

 

 

 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ പോലീസിന്റെയോ ഔദ്യോഗിക പേജുകളെ മാത്രം ആശ്രയിക്കേണ്ടതാണ്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഡിജിറ്റല്‍ ഇടങ്ങളിലെ ഓരോ നീക്കവും നിരീക്ഷണത്തിലാണെന്നും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.