കൊച്ചി: ഐഎസ്‌എല്ലില്‍ ഒഡിഷ എഫ്‌സിക്കെതിരേ മിന്നും ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്.
രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ക്വാമെ പെപ്ര, ജീസസ് ജിമെനെസ്, നോഹ് സദൗയി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്.
ജെറി, ഡോറി എന്നിവരുടെ വകയായിരുന്നു ഒഡീഷയുടെ ഗോളുകള്‍. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് കയറി. 16 മത്സരങ്ങളില്‍ 20 പോയിന്റാണ് ടീമിന്. ആറ് ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയും. ഒഡീഷ ഏഴാം സ്ഥാനത്തുണ്ട്.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഒഡീഷ മുന്നിലെത്തി. പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ജെറിയുടെ വകയായിരുന്നു ഗോള്‍.
ആദ്യ പകുതി ഇതേ നിലയില്‍ അവസാനിച്ചു. ആദ്യപാതിയില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാതിരുന്ന ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പാതിയില്‍ ആകെ മാറി. 60-ാം മിനിറ്റില്‍ മഞ്ഞപ്പടയുടെ സമനില ഗോള്‍. പെപ്രഗോള്‍ കീപ്പറേയും മറികടന്ന് അനായാസം ഗോള്‍ നേടി. കുറോ സിംഗാണ് ഗോളിനുള്ള അവസരമൊരുക്കിയത്.
