മാർക്കോയെ കടത്തി വെട്ടുമോ കാട്ടാളൻ! റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളൻ മെയ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വമ്പൻ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്തുക. ചിത്രത്തിൻ്റെ ആദ്യ ടീസർ ജനുവരി 16ന് പുറത്ത് വരും. ആൻ്റണി വർഗീസ് നായകനായ ചിത്രം നവാഗതനായ പോൾ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്ന് ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുമ്പ് തന്നെ മലയാള സിനിമയിലെ പ്രീ റിലീസ് ബിസിനസ്സ് റെക്കോർഡുകൾ പലതും ചിത്രം മാറ്റി എഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫാർസ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പൻ വിദേശ റിലീസിനായി “കാട്ടാളൻ” ഒരുങ്ങുന്നത്. ‘മാർക്കോ’ എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രമാണിത്.

മലയാള സിനിമ കണ്ട ഏറ്റവും ഗംഭീരമായ പൂജ ചടങ്ങുകളോടെയാണ് ചിത്രം ലോഞ്ച് ചെയ്തത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ പ്രോജക്ട് മെഗാ ക്യാൻവാസിലാണ് ഒരുക്കുന്നത്. ആൻ്റണി വർഗീസിൻ്റെ സ്റ്റൈലിഷ് മാസ്സ് ഗെറ്റപ്പ് പുറത്ത് വിട്ട ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തായ്‌ലൻ്റിൽ വെച്ച് ഒരുക്കിയ, ആനയുമായുള്ള സംഘട്ടന രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ഉണ്ണി ആർ ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.