അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് കറിവേപ്പില. ഇതില്ലാത്ത ഒരു കറികളും വീട്ടിലുണ്ടാവില്ല. എളുപ്പത്തിൽ കിട്ടുന്നതും ചിലവ് കുറഞ്ഞതുമായതുകൊണ്ട് തന്നെ എന്തുണ്ടാക്കുമ്പോഴും നമ്മൾ കറിവേപ്പില ചേർക്കാറുണ്ട്.
എന്നാൽ നിങ്ങൾ വിചാരിക്കുന്നതിനും അപ്പുറമാണ് കറിവേപ്പിലയുടെ ഉപയോഗങ്ങൾ. ഭക്ഷണങ്ങൾക്ക് സ്വാദ് കൂട്ടാൻ മാത്രമല്ല അടുക്കള വൃത്തിയാക്കാനും ഉപയോഗിക്കുന്നതാണ് കറിവേപ്പില.
എന്തൊക്കെ ഉപയോഗങ്ങളാണ് ഉള്ളതെന്ന് അറിയാം.
പാത്രം കഴുകാം
പാത്രങ്ങളിലെ കടുത്ത കറകളെ നീക്കം ചെയ്യാൻ ബെസ്റ്റാണ് കറിവേപ്പില. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയൽ ഗുണങ്ങളും ഗന്ധവും പാത്രങ്ങളെ എളുപ്പത്തിൽ വൃത്തിയാക്കി വെട്ടി തിളങ്ങുന്ന രൂപത്തിലാക്കും. കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം വെളിച്ചെണ്ണയോ നാരങ്ങാ നീരോ ചേർത്ത് ഇളക്കണം. ശേഷം ഇത് കറപിടിച്ച പാത്രത്തിൽ തേച്ചുപിടിപ്പിക്കാം.15 മിനിറ്റ് ഇങ്ങനെ തന്നെ വെച്ചതിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചുകളയാം.
കിച്ചൻ സിങ്ക് തിളങ്ങും
ഭക്ഷണപദാർത്ഥങ്ങൾ വീണ് കറപിടിച്ച കിച്ചൻ സിങ്കുകളും കറിവേപ്പില ഉപയോഗിച്ച് വേഗത്തിൽ വൃത്തിയാക്കാൻ സാധിക്കും. അരച്ച കറിവേപ്പിലയോടൊപ്പം ഒരു ടേബിൾസ്പൂൺ ഉപ്പ് ചേർത്ത് വെച്ചതിനുശേഷം ഇത് കറപിടിച്ച സിങ്കിലേക്ക് സ്പോഞ്ചു ഉപയോഗിച്ച് ഉരക്കണം. ഉപ്പ് ആവശ്യമില്ലാത്ത ധാതുക്കളെ ഇല്ലാതാക്കുകയും കറിവേപ്പില അണുക്കളെ നശിപ്പിക്കുകയും ദുർഗന്ധമകറ്റുകയും ചെയ്യും.
സ്റ്റൗ എളുപ്പത്തിൽ വൃത്തിയാക്കാം
കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ എണ്ണയും ആന്റി ബാക്റ്റീരിയൽ ഗുണങ്ങളും സ്റ്റൗവിനെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നതാണ്. കറിവേപ്പില ചതച്ച് അതിലെ നീര് കളയണം. അതിന് ശേഷം ചതച്ച കറിവേപ്പിലയിൽ വെള്ളവും, ബേക്കിംഗ് സോഡയും, നാരങ്ങാ നീരും ചേർത്ത് കുഴമ്പ് പരുവത്തിലാക്കണം. ശേഷം കറപിടിച്ച സ്റ്റൗവിൽ ഇത് തേച്ചുപിടിപ്പിക്കാം. 15 മിനിറ്റ് വെച്ചതിന് ശേഷം തുണി ഉപയോഗിച്ച് തുടച്ചുകളയാവുന്നതാണ്.
ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റും
ഫ്രിഡ്ജിലെ ദുർഗന്ധം എളുപ്പത്തിൽ അകറ്റാൻ സഹായിക്കുന്നതാണ് കറിവേപ്പില. ഒരു ബോക്സിൽ നിറയെ കറിവേപ്പിലയെടുത്ത് ഫ്രിഡ്ജിനുള്ളിൽ വെക്കാം. കറിവേപ്പില ഫ്രഷ് അല്ലെങ്കിൽ ഉണങ്ങിയതായാലും എടുക്കാവുന്നതാണ്. ഇത് ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധത്തെ വലിച്ചെടുത്ത് നല്ല സുഗന്ധം പരത്തും. രണ്ടാഴ്ച കൂടുമ്പോൾ പഴയത് മാറ്റി പുതിയ കറിവേപ്പില വെക്കണം. ഇല്ലെങ്കിൽ ഇത് പലപ്രദമല്ലാതെ ആകും.
കട്ടിങ് ബോർഡിലെ അണുക്കളെ തുരത്തും
നിരന്തരമായ ഭക്ഷ്യവസ്തുക്കൾ മുറിക്കുന്നതുകൊണ്ട് തന്നെ പലതരത്തിലുള്ള അണുക്കളും കട്ടിങ് ബോർഡുകളിൽ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് വൃത്തിയാക്കേണ്ടതും അത്യാവശ്യമാണ്. കറിവേപ്പില അരച്ച് കുഴമ്പ് പരുവത്തിലാക്കിയതിന് ശേഷം കട്ടിങ് ബോർഡിൽ തേച്ചുപിടിപ്പിക്കാം. 5 മിനിറ്റ് വെച്ചതിനുശേഷം തുടച്ചുകളയാവുന്നതാണ്. ഇത് കട്ടിങ് ബോർഡിലെ അണുക്കളെ നശിപ്പിക്കും.
