കാഞ്ഞിരപ്പള്ളി: സൈനിക ജോലിയിൽ പ്രവേശിക്കുന്നതിനു കായിക പരിശീലനം നൽകാമെന്നു പറഞ്ഞു വിദ്യാർത്ഥികളിൽനിന്നു പണം തട്ടിയതായി പരാതി. സ്കൂളുകളിൽ നിന്നു പരിശീലനത്തിനു തിരഞ്ഞെടുത്ത 9 കുട്ടികളുടെ രക്ഷിതാക്കളാണ് എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ പരാതി നൽകിയത്.
പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയെ സമീപിച്ചിരിക്കുകയാണ് ഇവർ. പത്താം ക്ലാസിലും പ്ലസ് വണിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൈനിക ജോലിയിൽ പ്രവേശിക്കുന്നതിന് 4 വർഷത്തെ പരിശീലനം നൽകാമെന്നായിരുന്നു വാഗ്ദാനം.
2024 ജനുവരി മാസത്തിൽ കായികക്ഷമതാ പരീക്ഷയടക്കം നടത്തി വിദ്യാർത്ഥികളെ പരിശീലനത്തിനു തിരഞ്ഞെടുത്തു. ഫീസിനത്തിൽ 14,750 രൂപ സ്ഥാപനത്തിന്റെ കാഞ്ഞിരപ്പള്ളി ഓഫിസിൽ വാങ്ങി. കുന്നുംഭാഗം ഗവ. സ്കൂൾ മൈതാനത്ത് അവധി ദിവസങ്ങളിൽ പരിശീലനം നൽകുമെന്നായിരുന്നു വാഗ്ദാനം. ക്രമേണ ഇതു ശനിയും ഞായറും മാത്രമായി.
മേയിൽ ചൂടു കൂടുതലാണെന്നു പറഞ്ഞ് പരിശീലനം താൽക്കാലികമായി നിർത്തിയെന്ന് സ്ഥാപന അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ ഒക്ടോബർ ആദ്യവാരം കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകി.
സ്റ്റേഷനിലെത്തിയ സ്ഥാപന അധികൃതർ ഫീസിനത്തിൽ വാങ്ങിയ പണം തിരികെ നൽകാമെന്നു സമ്മതിച്ച് ചെക്ക് നൽകി. ചെക്കുകളിൽ 3 എണ്ണം പണമില്ലെന്ന കാരണത്താൽ മടങ്ങിയതായി രക്ഷിതാക്കൾ പറഞ്ഞു. ഇതോടെയാണു താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയെ സമീപിച്ചത്.
