അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയതിനെ തുടർന്നാണ് തീരുമാനം. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് കെടെറ്റ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

40000 ത്തിലധികം അധ്യാപകരുടെ ജോലിയെയും പ്രമോഷനേയും ബാധിക്കുന്നതായിരുന്നു ഉത്തരവ്. അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കുന്നത് അനുഭവ സമ്പത്ത് കൂടിയാണ്. അനുഭവ സമ്പത്ത് ഉള്ളവരെ പിരിച്ചുവിടുന്നത് ഗുണനിലവാരം തകര്‍ക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇറങ്ങിയ 74 അധ്യാപക നിയമനത്തിനുള്ള പിഎസ്‌സി നോട്ടിഫിക്കേഷനിലും കെ-ടെറ്റില്‍ ഇളവ് നിലനിര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചെങ്കിലും, പിഎസ്‌സിയില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലാണ്.