മലപ്പുറം : സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു. 81 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരവധി മഹല്ലുകളുടെ ഖാസിയായിരുന്നു അദ്ദേഹം. നാളെ രാവിലെ 10 മണിക്കാണ് മയ്യിത്ത് നിസ്കാരം. മലപ്പുറം തിരൂർക്കാട്ടെ വീട്ടിൽ എത്തിക്കുന്ന ഭൗതികദേഹം പിന്നീട് തിരൂർക്കാട് അൻവാറുൽ ഇസ്ലാമിൽ പൊതുദർശനത്തിനായി എത്തിക്കും.
മലപ്പുറം ഇരുമ്പുഴി തെക്കുംമുറിയിൽ 1945ലാണ് ജനനം. 2016ൽ സമസ്ത ജനറൽ സെക്രട്ടറിയായി നിയമിതനായി. 1952-ൽ ദർസീ രംഗത്തേക്ക് കടന്നു. ഇരുമ്പുഴി തെക്കുംമുറി ജുമാമസ്ജിദിൽ പെരിന്തൽമണ്ണ സൈതാലി മുസ്ലിയാർ, പുത്തനങ്ങാടി ജുമാമസ്ജിദിൽ വളപുരം കെ ടി മുഹമ്മദ് മുസ്ലിയാർ, അരിപ്ര ജുമാമസ്ജിദിൽ അബ്ദുൽ ഖാദിർ എന്ന കായി മുസ്ലിയാർ, പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ പെരിമ്പലം ബാപ്പുട്ടി മുസ്ലിയാർ എന്നിവർക്കു കീഴിലായിരുന്നു ദർസ് പഠനം.
2010ൽ സമസ്ത ജോയിൻ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആലിക്കോയ മുസ്ലിയാർ 2016-ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡന്റ്, സമസ്ത ഭത്വ കമ്മിറ്റി അംഗം, സുന്നി അഫ്കാർ വാരിക ചീഫ് എഡിറ്റർ പദവി വഹിക്കുന്നു.
