‘മോനെ നീ എടുത്തോ എന്ന് പറയും, മൂപ്പര് കസേര വിട്ട് പോകും, അയാൾ പറയുന്നതിന് സ്വീകാര്യത വേണം, എല്ലാവർക്കും സമ്മതനായ ആളായിരിക്കണം’, മോഹൻലാലിനെ കുറിച്ചുള്ള ജോയ് മാത്യുവിന്റെ വാക്കുകൾ ചർച്ചയാകുന്നു

കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ആയി മൂന്നാം തവണയും മോഹൻലാൽ തെരെഞ്ഞെടുക്കപ്പെട്ടു. ഈ അവസരത്തിൽ നടൻ ജോയ് മാത്യു മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെ കുറിച്ചാണ് ജോയ് മാത്യു പറയുന്നത്.

‘പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് ഞാൻ വിചാരിച്ചത്. മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ. കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ. നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും. മോനെ നീ എടുത്തോ എന്ന് പറയും. ഞാൻ ഇല്ല ഈ പരിപാടിയ്ക്ക് എന്ന് പറയും. സത്യത്തിൽ ഈ സ്ഥാനം ഞങ്ങൾ അദ്ദേഹത്തിനെ ഏൽപ്പിക്കുകയാണ്.

വേറൊരു ആളില്ല അതുകൊണ്ട്. ആരെങ്കിലും മുന്നോട്ട് വരികയാണെങ്കിൽ അപ്പോൾ തന്നെ മൂപ്പര് കസേര വിട്ട് പോകും. പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടത് എല്ലാവർക്കും സമ്മതനായ ആളായിരിക്കണം. ആരെങ്കിലും വന്നിരുന്നിട്ട് കാര്യമില്ല. അയാൾ പറയുന്നതിന് സ്വീകാര്യത വേണം.

ഡിസിഷൻ മേക്കർ ആയിരിക്കണം അയാൾ. അതിനെല്ലാം ക്വാളിറ്റി ഉള്ള ആളാണ് മോഹൻലാൽ’, എന്നാണ് ജോയ് മാത്യു പറഞ്ഞത്.

അതേസമയം, തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദായ ചിത്രം എല്‍ 360ന്റെ പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.

എമ്പുരാന്‍ ആണ് ഷൂട്ടിംഗ് നടക്കുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രം. പൃഥ്വിരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.