വിസ തട്ടിപ്പുകേസിൽ നിർമാതാവ് ജോബി ജോർജിന് നാലു വർഷം തടവുശിക്ഷ വിധിച്ച് എറണാകുളം അഡീഷണൽ സെഷൻസ് കോടതി . രണ്ട് കേസുകളിലായാണ് ശിക്ഷാവിധി. പിഴയായി 66.5ലക്ഷം രൂപ അടയ്ക്കുകയും വേണം. യുകെയിൽ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികൾ എന്നിവരുടെ പരാതികളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജോബി ജോർജിനെ ശിക്ഷിച്ചത്. പിഎംഎൽഎ കേസുകൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി. തുടക്കം മുതൽ തന്നെ പരാതിക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്നാണ് ശിക്ഷാവിധിയിൽ സെഷൻസ് കോടതിയുടെ നിരീക്ഷണം. തുടർന്നാണ് രണ്ട് കേസുകളിലും രണ്ട് വർഷം വീതം തടവിന് ശിക്ഷിച്ചത്.
കേസിൽ ജോബി ജോർജ്ജിന്റെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. യുകെയിലേക്കുള്ള വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി 2011 ൽ രണ്ടുതവണയായി 50 ലക്ഷം രൂപയാണ് രാജേഷ് മാത്യുവിൽ നിന്ന് ജോബി കൈപ്പറ്റിയത്. വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012 ൽ പണം തിരികെ നൽകുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും മടങ്ങി. തുടർന്നാണ് മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു പരാതി നൽകിയത്. ഈ കേസിൽ 50ലക്ഷം പിഴ നൽകണം. ഇത് പരാതിക്കാരന് നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
