ജനനായകന്റെ പ്രതിസന്ധി തീർന്നില്ല; സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചില്ല, നിർമാതാക്കൾ കോടതിയെ സമീപിച്ചു

വിജയ് നായകനായി എത്തുന്ന അവസാന ചിത്രമായ ജനനായകന്റെ റിലീസ് പ്രതിസന്ധിയിൽ തുടരുന്നു. ചിത്രത്തിന് പ്രദർശനാനുമതി നൽകാതെ മനപ്പൂർവ്വം റിലീസ് തടയുകാണെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിപിച്ചിരിക്കുകയാണ്. നേരത്തെ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചെന്നും നേരത്തെ പ്രഖ്യാപിച്ച നിലയിൽ ജനുവരി 9ന് തന്നെ ചിത്രം റിലിസിനെത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴും റിലീസ് പ്രതിസന്ധിയിൽ തന്നെ തുടരുകയാണെന്നാണ് ഏറ്റവും പുതിയ വിവരം.

ജനനായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം റിവൈസിങ് കമ്മിറ്റിക്ക്‌ വിട്ടെന്നാണ് പുതിയ അപ്‌ഡേറ്റ്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റേതാണ് നടപടി. ചിത്രം വരുന്ന ഒന്‍പതിന് റിലീസ് ചെയ്യാനിരിക്കെ, ഇനിയും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി, ഒരു മാസം മുന്‍പുതന്നെ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 19ന് ബോര്‍ഡ്, ചിത്രം കണ്ടു. പത്തോളം കട്ടുകള്‍ വേണമെന്ന് നിര്‍ദേശിച്ചു. ഈ മാറ്റങ്ങളും വരുത്തി, ചിത്രം വീണ്ടും നല്‍കി. എന്നാല്‍ ഇതുവരെയും സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ടിട്ടില്ലെന്നാണ് സൂചന. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനുള്ള കാരണവും വ്യക്തമല്ല.

രാഷ്ട്രീയത്തിലിറങ്ങിയ വിജയുടെ അവസാന ചിത്രമായാണ് ജനനായകനെ ആരാധകര്‍ കരുതുന്നത്. വിടവാങ്ങല്‍ ചിത്രമായതിനാല്‍ തന്നെ, ചെന്നൈ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ജനനായകന്റെ ടിക്കറ്റുകള്‍ നേരത്തെ വിറ്റു തീര്‍ന്നു. വലിയ പ്രതീക്ഷയില്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. അതിനിടെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് പ്രതിസന്ധിയായത്.