തിരുവനന്തപുരം: ഭീകരാക്രമണം നടന്ന ജമ്മു കശ്മീരിൽ 258 മലയാളികൾ കുടുങ്ങിക്കുന്നതായി വിവരം ലഭിച്ചുവെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ അജിത് കോളശേരി. നോർക്ക ഹെൽപ് ഡെസ്‌കിൽ 28 ഗ്രൂപ്പുകളിലായി 262 പേരാണ് വിവരം റജിസ്റ്റർ ചെയ്‌തത്.
ഇതിൽ നാലു പേർ നാട്ടിൽ തിരിച്ചെത്തി. ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അജിത് കോളശേരി പറഞ്ഞു. തിരൂരങ്ങാടി എംഎൽഎ കെ.പി.എ മജീദ്, നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ, കൊല്ലം എംഎൽഎ എം. മുകേഷ്, കൽപറ്റ എംഎൽഎ ടി.സിദ്ദിഖ് എന്നിവരും 3 ഹൈക്കോടതി ജഡ്‌ജിമാരും കശ്മീരിൽ കുടുങ്ങിയ മലയാളികളിൽ ഉൾപ്പെടും.
ജഡ്‌ജിമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത് കുമാർ, ജസ്‌റ്റിസ് ജി. ഗിരീഷ് എന്നിവരാണ് കുടുങ്ങി കിടക്കുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. കേരളത്തിൽനിന്നുള്ളവർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായാണ് നോർക്ക ഹെൽപ് ഡെസ്ക് തുടങ്ങിയത്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ), 00918802012345 (മിസ്‌ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
കശ്‌മീരിൽ കുടുങ്ങിപോയവരിൽ സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് റജിസ്‌റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.
