ചന്ദ്രയാൻ മൂന്ന് അടക്കം ഐഎസ്ആർഒയുടെ അഭിമാന ദൗത്യങ്ങള്‍ വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റിനെ സ്വകാര്യമേഖലക്ക് കൈമാറുന്നു.
ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എല്‍വിഎം-3യുടെ സാങ്കേതിക വിദ്യ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാൻ നടപടിക്രമങ്ങള്‍ തുടങ്ങി. ആദ്യ പടിയായി ഇൻസ്പേസ് സ്വകാര്യ കമ്പനികളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. ഏഴ് വർഷം ബഹിരാകാശമേഖലയില്‍ പ്രവർത്തി പരിചയമുള്ള കമ്പനികള്‍ക്ക് അപേക്ഷിക്കാം. ഇന്ത്യൻ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
സർക്കാർ പങ്കാളിത്തമുള്ള കമ്പനികള്‍ക്ക് അപേക്ഷിക്കാൻ അനുമതിയില്ല. അതിനാല്‍ തന്നെ എച്ച്എഎല്ലിന് പങ്കെടുക്കാനാകില്ല. ഐഎസ്ആർഒയുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വിയുടെ സാങ്കേതിക വിദ്യ നേരത്തേ പുറത്തേക്ക് കൈമാറിയിരുന്നു. ഈ കരാർ എച്ച്എഎല്‍ ആണ് നേടിയത്. പിഎസ്എല്‍വി സാങ്കേതിക വിദ്യ കൈമാറാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
