കരയുദ്ധത്തിലേയ്ക്ക്; ഗാസ നഗരത്തില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍; ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകര്‍ന്നു

സ്വന്തം ലേഖകൻ

ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയതായി റിപ്പോര്‍ട്ട്.

ഗാസ നഗരത്തില്‍ ഉടനീളം ഉഗ്രസ്ഫോടനങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ഇന്റര്‍നെറ്റ് ബന്ധം ഇസ്രയേല്‍ വിച്ഛേദിച്ചുവെന്നാണ് ഹമാസ് ആരോപിക്കുന്നത്. മൊബെെല്‍ ഇന്റര്‍നെറ്റ് സംവിധാനവും പൂര്‍ണമായി തകര്‍ന്നുവെന്ന് ഗാസയിലെ മൊബെെല്‍ കമ്പനി പറഞ്ഞു.

ഗാസ നഗരത്തില്‍ വാര്‍ത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. ഗാസ മുനമ്പിലെ ആശുപത്രികള്‍ സെെനിക ആവശ്യങ്ങള്‍ക്കായി ഹമാസ് ദുരുപയോഗം ചെയ്യുന്നതായി ഇസ്രയേല്‍ സെെന്യം ആരോപിച്ചു.

കര വഴിയുള്ള സെെനിക നീക്കം ശക്തമാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഗാസ നഗരത്തില്‍ കനത്ത വ്യോമാക്രമണം ഇസ്രയേല്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗാസയില്‍ ഇന്റര്‍നെറ്റ് നിലച്ചതോടെ ജനങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ്. ഇത് രക്ഷാപ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ആശുപത്രിയില്‍ ഉള്‍പ്പെടെ മൊബെെല്‍, ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇത് രോഗികളെ ചികിത്സിക്കുന്നതിന് ഉള്‍പ്പെടെ തടസം സൃഷ്ടിക്കുന്നു.