ഗാസ സിറ്റി: ഇസ്രയേല്‍ സൈന്യം നല്‍കിയ 24 മണിക്കൂര്‍ അന്ത്യശാസനത്തിന് പിന്നാലെ ഗാസ മുനമ്പില്‍ നിന്ന് വീടുവിട്ടൊഴിഞ്ഞ് നിരവധി പാലസ്തീൻകാര്‍.
ഇതിൻ്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇസ്രയേല്‍ ഗാസനിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
ഇസ്രയേലിന്റെ മുന്നറിയിപ്പിന് പിന്നാലെ കാറുകളില്‍ വസ്ത്രങ്ങളും കിടക്കകളും ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി വീടുപേക്ഷിച്ച് പോകുന്ന പാലസ്തീൻകാരുടെ വീഡിയോകള്‍ എക്സില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇത് വടക്കൻ ഗാസയില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് വിവരം.
കാറുകളിലും മോട്ടോര്‍ ബൈക്കുകളിലും ട്രക്കുകളിലും കാല്‍നടയായുമാണ് ഗാസയുടെ വടക്കൻ ഗാസയില്‍ താമസിക്കുന്നവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുന്നത്. അതേസമയം, പാലസ്തീൻകാര്‍ ഇസ്രയേലിന്റെ ഒഴിഞ്ഞുപോകാനുള്ള ഉത്തരവിനെ തള്ളിക്കളഞ്ഞുവെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഇതിനിടെയിലാണ് പലായനത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
