കൊച്ചി: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അന്വേഷിക്കാൻ പോലീസിന് ഉത്തരവ് നല്‍കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു.
സൈന്യത്തെയോ പോലീസിനെയോ ഇത്തരമൊരു സ്ഥാപനത്തില്‍ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തന്റെ രണ്ട് പെണ്‍മക്കള്‍ സദ്ഗുരുവിന്റെ യോഗ സെന്ററില്‍ അടിമകളായി ജീവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡോ. എസ് കാമരാജ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റുകയും ചെയ്തു.
മുതിർന്ന അഭിഭാഷകൻ മുകുള്‍ റോത്തഗിയാണ് ഇഷ ഫൗണ്ടേഷനുവേണ്ടി ഹാജരായത്. ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം വൻപോലീസ് സംഘം ചൊവ്വാഴ്ച ഇഷ ഫൗണ്ടേഷനില്‍ പ്രവേശിച്ചിരുന്നു.
