ഇറാൻ യുദ്ധം: കാത്തിരിക്കുന്നത് കൊടും പട്ടിണിയുടെ ദിനങ്ങളെന്ന് ഡബ്ല്യുഎഫ്‌പി; ജൂണ്‍ മാസത്തോടെ 4.5 കോടി പേര്‍ക്ക് ഭക്ഷണം കിട്ടില്ല; മുഖ്യ ഇരകളാവുന്നത് സ്ത്രീകളും കുട്ടികളും

ടെഹ്റാൻ: പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്നത് കടുത്ത ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാകുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (WFP) മുന്നറിയിപ്പ് നല്‍കുന്നു.

സംഘർഷം തുടരുകയാണെങ്കില്‍ വരുന്ന ജൂണ്‍ മാസത്തോടെ ഏകദേശം 4.5 കോടിയിലധികം ആളുകള്‍ കടുത്ത പട്ടിണിയിലേക്ക് തള്ളപ്പെടുമെന്നാണ് മുന്നറിയിപ്പ്.
ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവർത്തിക്കുന്ന സംഘടനയാണ് ഡബ്ല്യുഎഫ്‌പി. യുദ്ധ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇവർ ഈ റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിലെ യുദ്ധം മേഖലയിലെ വിതരണ ശൃംഖലയെ തകർക്കുകയും അത്യാവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരാൻ കാരണമാവുകയും ചെയ്‌തത് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

യുദ്ധം മൂലം പശ്ചിമേഷ്യയില്‍ പലയിടത്തായി കൃഷിഭൂമികള്‍ നശിപ്പിക്കപ്പെട്ടു. ഗതാഗത മാർഗ്ഗങ്ങള്‍ അടഞ്ഞു. ഇറാനിലും അയല്‍രാജ്യങ്ങളിലും ഭക്ഷ്യസാധനങ്ങള്‍ കിട്ടാത്ത സ്ഥിതിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വരും മാസങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. സ്ത്രീകളും കുട്ടികളുമാണ് ഈ പ്രതിസന്ധിയുടെ പ്രധാന ഇരകളാവുകയെന്നും റിപ്പോർട്ട് പറയുന്നു.