ഇറാനില്‍ കടുത്ത പരിസ്ഥിതി-ആരോഗ്യ പ്രതിസന്ധി; ടെഹ്‌റാനില്‍ അമ്ല മഴയെന്ന് റിപ്പോര്‍ട്ട്; എണ്ണ സംഭരണികള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ആരോഗ്യ ഭീഷണി; ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിർദ്ദേശം

ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ രണ്ട് എണ്ണ സംഭരണികള്‍ക്ക് നേരെ കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ ആക്രമണത്തെത്തുടർന്ന് നഗരത്തില്‍ കടുത്ത പരിസ്ഥിതി-ആരോഗ്യ പ്രതിസന്ധി ഉടലെടുത്തതായി ഇറാൻ സർക്കാർ.

ആക്രമണത്തില്‍ എണ്ണ സംഭരണികള്‍ തകർന്നതിനെത്തുടർന്ന് നഗരത്തിന് മുകളില്‍ കിലോമീറ്ററുകളോളം കനത്ത പുകപടലം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നഗരത്തില്‍ പെയ്ത മഴ അമ്ല മഴയായി (Acid Rain) മാറിയതായാണ് റിപ്പോർട്ടുകള്‍.

അമ്ല മഴ പെയ്തതോടെ നഗരവാസികള്‍ക്കിടയില്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിലും പ്രായമായവരിലുമാണ് ആഘാതം കൂടുതല്‍.

ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍, കണ്ണിനും ചർമ്മത്തിനും ഉണ്ടാകുന്ന നീറ്റലും ചൊറിച്ചിലും എന്നിവ കാരണം നിരവധി ആളുകള്‍ ചികിത്സ തേടിയിട്ടുണ്ട്.

അന്തരീക്ഷത്തിലെ മലിനീകരണം അപകടകരമായ നിലയിലായതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നല്‍കി.