എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിര്‍ത്തലാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. മെയ് എട്ടോടെ ഫീച്ചർ അവസാനിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.

ഇതോടെ ഇൻസ്റ്റാഗ്രാമിന്റെ ഡയറക്‌ട് മെസേജുകളില്‍ (DM-കള്‍) സുരക്ഷാ ഫീച്ചർ ലഭ്യമാകില്ല. മെസ്സേജുകള്‍ അയക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രൈവസി നല്‍കുന്നതാണ് ഈ ഫീച്ചർ. മെസ്സേജ് അയക്കുന്ന വ്യക്തിയും അത് ലഭിക്കുന്ന ആളും അല്ലാതെ മൂന്നാമതൊരാള്‍ കാണില്ലെന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിന്റെ സവിശേഷത.

 

ഫീച്ചർ നിർത്തലാക്കുന്നതോടെ സ്വകാര്യ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാം മെസേജിങ് സേവനം വഴി അയക്കുന്നത് സുരക്ഷിതമല്ലാതായിത്തീരും. അതിനാല്‍ ചാറ്റുകളിലെ സുരക്ഷ ഉറപ്പുക്കുന്നതിനായി ഉപയോക്താക്കള്‍ ടെലഗ്രാം, വാട്സാപ്പ് പോലുള്ള ആപ്പുകളിലേക്ക് മാറേണ്ടി വരും. വാട്സാപ്പില്‍ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ലഭിക്കുന്നത് തുടരും.

വളരെ കുറച്ച്‌ ആളുകള്‍ മാത്രമാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നതെന്നും അതിനാലാണ് കമ്പനി ഇത് നിർത്തലാക്കാൻ തീരുമാനിച്ചതെന്നുമാണ് മെറ്റയുടെ വിശദീകരണം. മാറ്റം നിലവില്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ മെസേജുകളും മീഡിയ ഫയലുകളും ഡൗണ്‍ലോഡ് ചെയ്യുന്നതിനായുള്ള അറിയിപ്പുകള്‍ കമ്പനി നല്‍കും. ഇതിനായി ഉപയോക്താക്കള്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതായി വരും.