കിഫ്ബി മസാല ബോണ്ടിലെ നിയമലംഘനം വ്യക്തമാക്കാന്‍ ഇഡിയെ വെല്ലുവിളിച്ച്‌ മുന്‍ ധനമന്ത്രി തോമസ് ഐസക്.

 

പത്തനംതിട്ട : എന്താണ് നിയമലംഘനമെന്ന് പറഞ്ഞാല്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് ഐസക് പ്രതികരിച്ചു. അറസ്റ്റ് ചെയ്ത് ശരിപ്പൈടുത്തിക്കളയാമെന്ന് ആരും കരുതേണ്ട. മസാല ബോണ്ട് സംബന്ധിച്ച ഒരു തീരുമാനവും ധനമന്ത്രിയോ മുഖ്യമന്ത്രിയോ വ്യക്തിപരമായി എടുക്കുന്നതല്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിക്ക് മുന്നില്‍ കിഫ്ബി ഹാജരാക്കികഴിഞ്ഞു. ഇനി ചെയര്‍മാനായ മുഖ്യമന്ത്രിയോ വൈസ് ചെയര്‍മാനായിരുന്ന ധനമന്ത്രിയോ ഒന്നും പ്രത്യേകം കണക്ക് കൊടുക്കേണ്ടതില്ല.

ഇതുതന്നെയാണ് ഇഡിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുള്ളത്. ഇഡിക്ക് നല്‍കിയ മറുപടി കൈകഴുകല്‍ അല്ലെന്നും ഐസക് പറഞ്ഞു. കിഫ്ബി മസാല ബോണ്ടില്‍ തനിക്ക് മാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസക് ഇഡിക്ക് കത്ത് നല്‍കിയത്. മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കിഫ്ബി രൂപവത്കരിച്ചതുമുതല്‍ 17 അംഗ ഡയറക്ടര്‍ ബോര്‍ഡ് ഉണ്ട്. അതിന്‍റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണെന്നും കത്തില്‍ പറഞ്ഞിരുന്നു.