തിരുവനന്തപുരം: കേരളത്തിലെ ഐ എ എസ് ഉദ്യോഗസ്ഥരുടെ പൊരിഞ്ഞ പോരിനിടെ എൻ പ്രശാന്ത് ഐ എ എസ് പരസ്യ പ്രതികരണം ശക്തമായി തുടരുന്നു.
ഓണക്കിറ്റില്‍ ഫ്രീ കിട്ടിയതല്ല ഐ എ എസ് എന്നും കരിയർ തീർക്കാൻ മാത്രം ആരും കേരളത്തിലില്ലെന്നുമാണ് എൻ പ്രശാന്ത് ഏറ്റവും ഒടുവിലായി കുറിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ഐ എ എസിനെതിരായ പരസ്യ വിമർശനമുന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ വന്ന കമന്റിനുള്ള മറുപടിയായാണ് എൻ പ്രശാന്ത് ഇക്കാര്യം കുറിച്ചത്.
‘ജനിച്ച് വീണതേ ഐ എ എസ് ആവും എന്ന് കരുതിയിട്ടല്ല. പഠിച്ചതാകട്ടെ നിയമമാണ്. ഓണക്കിറ്റില്‍ ഫ്രീ ആയി കിട്ടിയതല്ല, പഠിച്ച് എഴുതി കിട്ടിയ ജോലിയാണ്. ജോലിയും കരിയറും തീർക്കാൻ മാത്രം ആരും കേരളത്തില്‍ ഇല്ല എന്നാണെന്റെ ഒരിത്’ – ഇങ്ങനെയായിരുന്നു പ്രശാന്ത് നല്കിയ ഒരു മറുപടി.
‘നിങ്ങള്‍ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. സംസാരിക്കുന്നതും എഴുതുന്നതും ഒക്കെ നല്ലോണം ആലോചിച്ചു ചെയ്യൂ.. ജോലിയും കരിയറും ഒക്കെ ഇല്ലാതാക്കാൻ കഴിയുന്ന ഒരു വിഭാഗം തലക്കുമുകളില്‍ ഉണ്ടെന്നു മറന്നു പോകരുത്. സമാധാനമായി ചിന്തിച്ചു പക്വതയോടെ വേണ്ടത് ചെയ്യൂ’ എന്ന കമന്റിനുള്ള മറുപടിയായാണ് എൻ പ്രശാന്ത് ഇങ്ങനെ കുറിച്ചത്.
