വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; അയ്മനം സ്വദേശി അറസ്റ്റിൽ

കോട്ടയം: മധ്യവയസ്കയായ വീട്ടമ്മയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അയ്മനം മര്യാതുരുത്ത് ഭാഗത്ത് കുളത്തിൻകര വീട്ടിൽ സരുൺ സത്യൻ(സത്യപ്പൻ 26) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം രാത്രി 10:30 മണിയോടുകൂടി കുടമാളൂർ പുളിഞ്ചുവട് സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെയും മകനെയും മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന വാളു കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. വീട്ടമ്മയുടെ മകനും, ഇയാളും തമ്മിൽ പുളിഞ്ചുവട് കവലയിൽ വച്ച് വാക്ക് തർക്കം ഉണ്ടായതിലുള്ള വിരോധം മൂലമാണ് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്. ഐ മാരായ അജ്മൽ ഹുസൈൻ, ഷിനോജ്, സി.പി.ഓ മാരായ രാജേഷ് മോന്‍, എബ്രഹാം, ബിജു, രാജീവ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.