എരഞ്ഞിപ്പാലം ലോഡ്ജിലെ ഫസീല കൊലക്കേസ്; പ്രതി അബ്ദുള്‍ സനൂഫ് പോലീസിന്റെ പിടിയില്‍; പിടിയിലായത് ചെന്നൈയില്‍ നിന്നും

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ ഫസീല കൊലക്കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍.

കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം ചെന്നെയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ കോഴിക്കോട്ടെ ലോഡ്ജില്‍ ചൊവ്വാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുള്‍ സനൂഫാണ് ലോ‍ഡ്ജില്‍ ഫസീലയോടൊപ്പം മുറിയെടുത്തത്. ഫസീലയെ കൊലപ്പെടുത്തിയ ശേഷം പ്രതി കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ച ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തിന് തലേന്ന് രാത്രി തന്നെ അബ്ദുള്‍ സനൂഫ് ലോഡ്ജില്‍ നിന്ന് പോയിരുന്നു.

ഇയാള്‍ ഉപയോഗിച്ച കാര്‍ ചൊവ്വാഴ്ച രാത്രി തന്നെ പാലക്കാട് വെച്ച്‌ പൊലീസ് കണ്ടെത്തി. ഫസീല നല്‍കിയ പീഡന പരാതിയില്‍ അബ്ദുള്‍ സനൂഫ് നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ട്.