കോട്ടയം: ജനങ്ങള്‍ക്ക് ഭീഷണി ഉയർത്തി കൂടുകൂട്ടിയിരിക്കുന്ന തേനീച്ചകളെയും, കടന്നലുകളെയും പിടിക്കാൻ പരിശീലനം നേടിയവരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
പാമ്പുകളെ പിടികൂടുന്നത് പോലെ കടന്നലുകളെ തുരത്താൻ വനംവകുപ്പിന് റെസ്‌ക്യൂ ടീമില്ല. മലയോരമേഖലയില്‍ ഉള്‍പ്പെടെ ഇവയുടെ ശല്യത്താല്‍ പൊറുതിമുട്ടുകയാണ് ജനം.
മുൻവർഷങ്ങളിലും തേനീച്ചയുടെയും, കടന്നലുകളുടെയും ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന സംഭവം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ സ്ഥിതി ഗുരുതരമാണ്. കറുകച്ചാല്‍, നെടുംകുന്നം, ഈരാറ്റുപേട്ട, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാമ്പാടി, ഏന്തയാർ പ്രദേശങ്ങളില്‍ വലിയ കെട്ടിടങ്ങളിലും മരങ്ങളിലും പാലങ്ങളുടെ അടിയിലുമായി ഇവ കൂട്ടമായി കൂടുകൂട്ടിയിരിക്കുകയാണ്.
നിനച്ചിരിക്കാത്ത നേരത്താണ് ഇവയുടെ ആക്രമണം. ശാന്തരായി കഴിയുന്ന ഇവയെ പലപ്പോഴും പരുന്ത്, കാക്കകള്‍ തുടങ്ങിയവ ശല്യം ചെയ്യുമ്പോഴാണ് ആക്രമണകാരികളാകുന്നത്. ദേഷ്യം മുഴുവൻ സമീപത്ത് കാണുന്ന മനുഷ്യരോടും മൃഗങ്ങളോടുമാണ് തീർക്കുക.
