ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ മദ്യശാല തുറക്കാൻ ഒരുങ്ങുന്നു ; സൗദിയുടെ തലസ്ഥാനമായ റിയാദിലാണ് മദ്യശാല തുറക്കാൻ ലക്ഷ്യമിടുന്നത്.

റിയാദ് : ചരിത്രത്തിലാദ്യമായി മദ്യശാല തുറക്കാൻ തീരുമാനമായി സൗദി അറേബ്യ. മദ്യം വാങ്ങുന്നതിനായി ഉപഭോക്തക്കള്‍ മൊബെെല്‍ വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറൻസ് എടുക്കുകയും വേണം.

പിന്നീട് പ്രതിമാസ ക്വാട്ട അനുസരിച്ച്‌ മദ്യം വിതരണം ചെയ്യുമെന്നാണ് വിവരം. അടുത്ത ആഴ്ചയാണ് സ്റ്റോർ തുറക്കുന്നത്. എന്നാല്‍ മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മാത്രമായിരിക്കും മദ്യം ലഭിക്കുക. എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ സ്റ്റോർ തുറക്കുക.

എന്നാല്‍ സൗദി മദ്യപാനത്തിനെതിരെ കർശനമായ നിയമങ്ങളാണ് പ്രയോഗിക്കുന്നത്. മദ്യപാനികളും മദ്യം വില്‍ക്കുന്നവരും പിടിക്കപ്പെട്ടാല്‍ ചാട്ടവാറടി, നാടുകടത്തല്‍, പിഴ അല്ലെങ്കില്‍ തടവ് എന്നിവയാണ് ശിക്ഷ. പ്രവാസികള്‍ക്കും ശിക്ഷയില്‍ ഇളവില്ല. അതിനാല്‍ തന്നെ സൗദിയില്‍ മദ്യശാലകള്‍ ഇല്ല. കരിഞ്ചന്തകള്‍ വഴിയെ മദ്യം ലഭിക്കുകയുള്ളൂ.

ഈ സാഹചര്യത്തിലാണ് ആദ്യമായി മദ്യ ശാല തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടില്‍ ഇതുവരെ സൗദി ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ ആഴ്ചയുടെ ആദ്യം തന്നെ മദ്യം ഇറക്കുമതി ചെയ്യുന്നതില്‍ സൗദി ഭരണകൂടം പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇത് മദ്യത്തിന്റെ ഇറക്കുമതി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.

വിനോദസഞ്ചാരത്തിനും വ്യവസായത്തിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിവരം. പെട്രോള്‍ അടിസ്ഥാനമാക്കിയുള്ള സമ്ബദ് വ്യവസ്ഥക്ക് ശേഷം വിഷൻ 2023 എന്നറിയപ്പെടുന്ന പദ്ധതികളുടെ ഭാഗമാണിതെന്നും റിപ്പോർട്ടുണ്ട്.