കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുകയാണ് ഒട്ടേറെ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെ 6 വീടുകൾ തകർന്നതായി റവന്യു വകുപ്പ് അധികൃതർ പറഞ്ഞു.
.മരം വീണാണ് വീടുകൾ തകർന്നത്. ളാലം വില്ലേജിൽ അരിക്കുന്നേൽ അപ്പച്ചൻ എന്നയാളുടെ വീട് പുളിമരം വീണ് ഭാഗികമായി തകർന്നു . കരൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ മഞ്ഞക്കുന്നേൽ ബിജു മാത്യു എന്നയാളുടെ വീട് തകർന്നുവീണു.
മൂന്നിലവ് വാളകം ഭാഗത്ത് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നു. ഒരു തെങ്ങ് അപകടകരമായ രീതിയിൽ മറിയാൻ പാകത്തിൽ നിൽക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അധികൃതരെ അറിയിച്ചിട്ടുണ്ട്. മരം വീണാൽ നിരവധി വീടുകൾ തകരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു.
കോട്ടയം താലൂക്ക് ഓഫീസിന്റെ മതിൽ ഇന്ന് രാവിലെ തകർന്നു . രാവിലെ പെയ്ത കനത്ത മഴയിലാണ് മതിൽ തകർന്നത്. താലൂക്ക് ഓഫീസിന്റെ തെക്ക് ഭാഗത്തുള്ള മതിലാണ് തകർന്നു വീണത്.
ചെത്തിപ്പുഴ കൊച്ചുവീട്ടിൽ സാംജി എന്നയാളുടെ വീട് മരം വീണ് തകർന്നു . തോട്ടയ്ക്കാട് വില്ലേജിൽ രണ്ടിടത്ത് മരം വീണ് വീടുകൾ തകർന്നിട്ടുണ്ട്. കയ്യാലത്ത് പെരുകുന്നേൽ ബൈജു , വലിയ പറമ്പിൽ മധു എന്നിവരുടെ വീടുകളാണ് മരം വീണു തകർന്നത്.
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ മരം വീണ് കെ.കെ. റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കി തടസം നീക്കി.
