തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ ചായസത്ക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും.
രാജ്ഭവനിലാണ് അറ്റ് ഹോം വിരുന്ന് ഒരുക്കിയിരുന്നത്. ഇന്ന് രാവിലെ നടന്ന റിപ്പബ്ളിക് ദിന പരിപാടിയിലും ഗവർണറും മുഖ്യമന്ത്രിയും മുഖത്തോട് മുഖം പോലും നോക്കാതെയാണ് പങ്കെടുത്തത്.
അടുത്തടുത്ത് ഇരുന്നിട്ടും ഇരുവരും ഒന്നും മിണ്ടിയില്ല. പരിപാടി കഴിഞ്ഞ് മടങ്ങിയ ഗവർണ്ണർ കൈ കൂപ്പിയെങ്കിലും മുഖ്യമന്ത്രി ഗൗനിച്ചില്ല.
ഇന്നലത്തെ നാടകീയ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ ഇന്ന് സെൻട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് മുഖ്യമന്ത്രി വരുമോ എന്നായിരുന്നു ആകാംക്ഷ. എന്നാല്‍ മുഖ്യമന്ത്രി ആദ്യമെത്തി. പിന്നാലെ ഗവർണ്ണർ.
മുഖ്യമന്ത്രി കൈകൂപ്പിയെങ്കിലും ഗവർണ്ണർക്ക് കണ്ട ഭാവമില്ല. ആരിഫ് മുഹമ്മദ് ഖാൻ പിന്നെ അതിവേഗം ചടങ്ങുകളിലേക്ക് തിരിഞ്ഞു.
