രോഗപ്രതിരോധ ശേഷി മുതല്‍ വണ്ണം കുറയ്ക്കുന്നതിന് വരെ; അറിയാമോ നെല്ലിക്കയുടെ ഗുണങ്ങള്‍?

കോട്ടയം: ഔഷധ ഗുണങ്ങള്‍ കൊണ്ടും പോഷകങ്ങള്‍ കൊണ്ടും സമ്പന്നമാണ് നെല്ലിക്ക.

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഇവയില്‍ വിറ്റാമിൻ സി ഉയർന്ന തോതില്‍ അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം കോശങ്ങളുടെ സംരക്ഷണത്തിനും മികച്ച ചോയ്സ് ആണ് നെല്ലിക്ക. വിറ്റാമിൻ സിയ്ക്ക് പുറമെ ഇരുമ്പ്, കാല്‍സ്യം, ആന്റിഓക്‌സിഡന്റുകള്‍, അമിനോ ആസിഡുകള്‍, ധാതുക്കള്‍, പോളിഫിനോള്‍സ്, ഡയറ്ററി ഫൈബർ മുതലായവയും ധാരാളമായി നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.

ഇവയ്ക്ക് പുറമെ നെല്ലിക്കയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

വിറ്റാമിൻ സി സമ്ബുഷ്ടമായ നെല്ലിക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും. കുട്ടികള്‍ക്കും മുതിർന്നവർക്കും പ്രായമായവർക്കും വിറ്റാമിൻ സി പ്രധാനമാണ്. നെല്ലിക്കയിലെ വിറ്റാമിൻ സി ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഇത് ഹൃദയത്തിലെ ധമനികളെ ശക്തിപ്പെടുത്തുകയും കട്ടിയാക്കുകയും ചെയ്യുന്നു. ചീത്ത കൊളസ്ട്രോള്‍ അകറ്റുന്നതിന് നെല്ലിക്ക സഹായകമാണ്.

ഹൃദയ ധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ നെല്ലിക്കയ്ക്ക് കഴിയും. നെല്ലിക്ക 12 ആഴ്ച തുടർച്ചയായി കഴിക്കുന്നത് ശരീരത്തില്‍ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (മോശം കൊളസ്ട്രോള്‍), മൊത്തത്തിലുള്ള കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷണ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള ഫൈബർ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. ഉപാപചയ പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്തി കൊഴുപ്പ് നീക്കം ചെയ്യാൻ നെല്ലിക്ക ഫലപ്രദമാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ക്രോമിയം നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു. ഇത് ടൈപ്പ് 2 പ്രമേഹമുള്ളവർ പതിവായി നെല്ലിക്ക കഴിക്കുക. ദിവസവും ഒന്നോ രണ്ടോ നെല്ലിക്ക കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.