തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് മാത്രം 1,800 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,120 രൂപയായി ഉയർന്നു. ജൂൺ മാസത്തിന്റെ തുടക്കത്തിൽ ഒന്നിനും മൂന്നിനും ഇടയിലുള്ള തീയതികളിൽ പവൻ വില 1,14,560 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തുകയും ജൂൺ 10, 11 തീയതികളിൽ വില ക്രമാതീതമായി താഴേക്ക് പോവുകയും ചെയ്തു.
ജൂൺ 11ന് രേഖപ്പെടുത്തിയ 1,06,800 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അവിടെ നിന്നാണ് വെറും നാല് ദിവസം കൊണ്ട് 4,320 രൂപയുടെ വർധനവോടെ സ്വർണ്ണവില വീണ്ടും ഒരു ലക്ഷത്തി പതിനൊന്നായിരം കടന്ന് കുതിപ്പ് തുടരുന്നത്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 225 രൂപ വർദ്ധിച്ച് 13,890 രൂപയിലെത്തിയപ്പോള് ഉയർന്ന ശുദ്ധതയുള്ള 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 245 രൂപ വർധിച്ച് 15,153 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 184 രൂപ വർധിച്ച് 11,365 രൂപയുമാണ് ഇന്നത്തെ വില. ആഭ്യന്തര വിപണിയിലെ ഈ അപ്രതീക്ഷിത കുതിച്ചുചാട്ടത്തിന് പിന്നിൽ അന്താരാഷ്ട്ര തലത്തിലുണ്ടായ പെട്ടെന്നുള്ള സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങളാണ്. രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് വലിയ തോതിൽ വർദ്ധിച്ച് ഉയർന്ന നിരക്കിലേക്ക് എത്തിയതാണ് ആഭ്യന്തര വിപണിയെ സ്വാധീനിച്ചത്.
