ഫോര്‍ട്ട്‌ കൊച്ചിയില്‍ മാത്രം 1000 പൊലീസ്; നേരിട്ട് ബസ് സർവീസ് വൈകിട്ട് നാലു മണി വരെ; മെട്രോ പുലര്‍ച്ചെ വരെ; പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷയെന്ന് കമ്മീഷണര്‍

കൊച്ചി: പുതുവത്സരാഘോഷം പ്രമാണിച്ച്‌ കൊച്ചിയില്‍ കർശന സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ.

കൊച്ചിയില്‍ വിപുലമായ പൊലീസ് സന്നാഹം ഏർപ്പെടുത്തുമെന്നും 1000 പൊലീസുകാർ ഫോർട്ട്‌ കൊച്ചി മേഖലയില്‍ മാത്രം വിന്യസിക്കുമെന്നും കമ്മീഷ്ണർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

പുതുവർഷത്തലേന്ന് കൊച്ചിയിലെത്തുന്നവർക്ക് പാർക്കിങ്ങിനു ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോർട്ട്‌ കൊച്ചിയിലേക്ക് നേരിട്ട് ബസ് സർവീസ് വൈകിട്ട് നാലു മണി വരെ ഏർപ്പെടുത്തും.

മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ സ്ക്വാഡ് രൂപീകരിക്കും. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളിഗ്രൗണ്ടില്‍ പൊലീസ് കണ്‍ട്രോള്‍ റൂം ഉണ്ടായിരിക്കുമെന്നും കോസ്റ്റല്‍ പൊലീസും നിരീക്ഷണത്തിനുണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു.