പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്നാണോ നിങ്ങൾ ഭക്ഷണം കഴിക്കുന്നത്? എങ്കിൽ ഒന്ന് ശ്രദ്ധിച്ചോളൂ! ഹൃദയസ്തംഭനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

കോട്ടയം: പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ഹൃദയസ്തംഭന സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം.

ഭക്ഷണം ഓർഡർ ചെയ്യുന്നതോ സൂപ്പർമാർക്കറ്റില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതെല്ലാം പ്ലാസ്റ്റിക്ക് കവറിലാണ്.
മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് നിരവധി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നിട്ടും പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു.

പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് കുടല്‍ ബയോമിലെ മാറ്റങ്ങള്‍ മൂലം വീക്കം, രക്തചംക്രമണവ്യൂഹത്തിൻെറ തകരാറുകള്‍ എന്നിവ മൂലം ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനത്തില്‍ പറയുന്നു. സയൻസ് ഡയറക്‌റ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച്‌ പറയുന്നത്.

പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങളും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം മനസിലാക്കാൻ ഗവേഷകർ 3,000-ത്തിലധികം ചെെനക്കാരിലെ ഡാറ്റ പരിശോധിക്കുകയും എലികളില്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഭക്ഷണത്തിലേക്ക് അലിഞ്ഞ് ചേരുകയും കുടലില്‍ പ്രവേശിക്കുകയും ഗട്ട് ലൈനിംഗിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.

ചൈനീസ് ആളുകളില്‍ പ്ലാസ്റ്റിക് കണ്ടെയ്നർ ഉപയോഗവും അവരുടെ ഹൃദ്രോഗനിലയും പരിശോധിക്കുന്നത് പഠനത്തില്‍ ഉള്‍പ്പെടുത്തി. കൂടാതെ, തിളപ്പിച്ച്‌ പാത്രങ്ങളില്‍ ഒഴിച്ച വെള്ളം ഗവേഷകർ എലികള്‍ക്ക് നല്‍കുകയും ചെയ്തു. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം ഹൃദയസ്തംഭനത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.