ഡല്‍ഹി: രാജ്യത്തെ വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി വർധിച്ചതോടെ കടുത്ത നടപടിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ.
ഭീഷണി സന്ദേശവുമായി ഫോണ്‍ വിളിക്കുന്നവരെ വിമാനയാത്രയില്‍ നിന്ന് വിലക്കുക, കൂടുതല്‍ എയർ മാർഷലുകളെ ഉള്‍പ്പെടുത്തുക തുടങ്ങിയ വിവിധ നടപടികളാണ് സർക്കാർ ആലോചിക്കുന്നത്.
വ്യോമയാന മന്ത്രാലയം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ ബോംബ് ഭീഷണി ചർച്ച ചെയ്യാനായി ബുധനാഴ്ച യോഗം ചേർന്നു. വ്യാജ ഭീഷണി ഉയർത്തുന്നവരെ ഉള്‍പ്പെടുത്തി യാത്രാവിലക്കുകാരുടെ പട്ടിക വിപുലപ്പെടുത്താനുള്ള നടപടി വ്യോമയാന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
ഇത് കൂടാതെ ഇന്റലിജൻ്സ് ഏജൻസികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമാനത്തിലെ എയർ മാർഷലുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
