ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി വീട്ടമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാരും വീട്ടുകാരും.
പാറോലിക്കല്‍ സ്വദേശിയായ ഷൈനി കുര്യന്(43), മക്കളായ അലീന (11), ഇവാന (10) എന്നിവര്‍ ഒരുമിച്ച് തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബവഴക്കും സാമ്പത്തിക പ്രതിസന്ധികളുമാണ് ഇവരെ ഒരുമിച്ചു ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
അമ്മയെയും സഹോദരിമാരെയും നഷ്ടമായതോടെ മൂത്ത മകനും ആകെ തകര്‍ന്ന നിലയിലാണ്.
ഇറാഖില്‍ മൈനിങ് വിഭാഗത്തില്‍ ജോലിയുള്ള തൊടുപുഴ കരിങ്കുന്നം സ്വദേശിയാണ് ഷൈനിയുടെ ഭര്‍ത്താവ്. ഇയാള്‍ ഇപ്പോള്‍ നാട്ടിലുണ്ട്. ഭര്‍ത്താവ് പതിവായി ഷൈനിയുമായി വഴക്കിടുമായിരുന്നു. ഉപദ്രവം തുടങ്ങിയതോടെ 9 മാസം മുന്‍പ് രണ്ട് പെണ്‍കുട്ടികളുമായി ഷൈനി സ്വന്തം വീട്ടിലേയ്ക്ക് പോന്നു.
മൂത്ത മകന് പിതാവിനൊപ്പമായിരുന്നു താമസം. നോബിയുമായി ബന്ധം വേര്‍പ്പെടുത്തുന്നതിന് കേസ് നല്‍കിയിരുന്നു. എന്നാല്‍ ഹിയറിങിന് നോബി എത്തിയിരുന്നില്ല.
നോബിയുടെ കുടുംബവുമായി ബന്ധപ്പെട്ടു പോലു ഷൈനിക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍തൃവീട്ടില്‍ താമസിച്ചിരുന്ന കാലത്ത് ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി അയല്‍കൂട്ടത്തില്‍ നിന്നും ലോണെടുത്ത് പണം നല്‍കിയിരുന്നു ഷൈനി.
എന്നാല്‍, ബന്ധങ്ങള്‍ വഷളായതോടെ ഈ പണം തിരിച്ചടക്കേണ്ട ബാധ്യത ഷൈനിയുടെ തലയിലാണ്. ഇതുമായി ബന്ധപ്പെട്ട് അയല്ക്കൂട്ടക്കാര് പരാതി നല്‍കിയതോടെ കേസും കൂട്ടവുമായി. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധിയും ഷൈനിയെ അലട്ടിയിരുന്നു.
ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വേണ്ടി ജോലിക്ക് പോകാനും ഷൈനി തയ്യാറായി. ബി.എസ്.സി നഴ്സായ ഈ വീട്ടമ്മയെ വിവാഹ ശേഷം ജോലിക്ക് പോകാന്‍ ഭര്‍ത്താവ് അനുവദിച്ചിരുന്നു. ഇതോടെ വീട്ടില്‍ ഒതുങ്ങിയ അവര്‍ ജീവിതത്തിലെ അവശ്യഘട്ടത്തില്‍ ജോലിക്കായി പരിശ്രമങ്ങള്‍ നടത്തി. എന്നാല്‍ പലരും കൈവിട്ടു. ക്നാനായ കമ്മ്യൂണിറ്റിയില്‍ പെട്ട ഇവര്‍ ഇടവകയുടെ തന്നെ വമ്പന്‍ ഹോസ്പ്പിറ്റലായ കാരിത്താസില്‍ ഒരു ജോലിക്കായി പരിശ്രമിച്ചെന്ന് സ്ഥിരീകരിക്കാരെ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
