കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ പൊതുജനങ്ങളും ജീവനക്കാരും സന്ദർശിക്കുന്നതിന് നിയന്ത്രണം; ഓഫീസിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനാണ് പുതിയ നടപടിയെന്ന് ആഗസ്റ്റ് ഒന്നിന് ഇറക്കിയ ഉത്തരവിൽ പറയുന്നു

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ പൊതുജനങ്ങളും ജീവനക്കാരും സന്ദർശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ആഗസ്റ്റ് ഒന്നിനിറക്കിയ ഉത്തരവിൽ ഓഫീസിന്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിലേക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.

സന്ദർശകരുടെ പ്രവേശനം ഉച്ചക്ക് ശേഷം 12.30 മുതൽ 1 മണി വരെയും 2 മുതൽ 2.30 വരെയുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവ ഉണ്ടെങ്കിൽ ഫ്രണ്ട് ഓഫിസിൽ സ്ഥാപിച്ചിട്ടുള്ള തപാൽ പെട്ടിയിൽ നിക്ഷേപിക്കണമെന്നാണ് നിർദേശം.

എന്നാൽ, മൂവായിരത്തിലധികം ആശുപത്രി ജീവനക്കാർ മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന ആശുപത്രിയിൽ ഈ ഉത്തരവ് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഇത് സേവന നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഉത്തരവ് പിൻവലിക്കണമെന്നാവശ്യം ശക്തമാണ്.

സെക്രട്ടറിയേറ്റിൽ പോലും ഇല്ലാത്ത നിയന്ത്രണം ആശുപത്രി സൂപ്രണ്ട് ഓഫിസിൽ നടപ്പാക്കുന്ന പൗരാവകാശ ലംഘനമാണെന്ന് പറയുന്നു. കോവിഡ് പോലുള്ള അതിവേഗ പകർച്ച രോഗങ്ങൾ ഉണ്ടായിരുന്നപ്പോൾ പോലും നിയന്ത്രണം ഏർപ്പെടുത്താതിരുന്ന സൂപ്രണ്ട് ഓഫിസിൽ ഇപ്പോഴെന്തിനാണ് നിയന്ത്രണം എന്നാണ് ജനങ്ങളുടെ ചോദ്യം.