എരുമേലി: നടുറോഡില്‍ വനത്തില്‍ നിന്നും വീണത് ഉണങ്ങി ജീര്‍ണിച്ച മരം.
ഭാഗ്യത്തിന് അപകടമുണ്ടായില്ല. പക്ഷെ അത് മൂലം തകര്‍ന്നത് ഏഴ് വൈദ്യുതി പോസ്റ്റുകള്‍. അത് മാറ്റി പുതിയ പോസ്റ്റുകള്‍ ഇട്ടതും തൊഴിലാളികളുടെ കൂലിയും ഉള്‍പ്പടെ കെ.എസ്.ഇ.ബിക്ക് ചെലവായത് ഒന്നര ലക്ഷം. ഇതിനും പുറമെ മണിക്കൂറുകളോളം രണ്ട് പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിര്‍ത്തി വെയ്ക്കേണ്ടി വന്നതിന്റെ നഷ്ടം വേറെ.
ഇക്കഴിഞ്ഞ ദിവസം രാത്രിയില്‍ എരുമേലി – കരിമ്പിന്‍തോട് വനപാതയില്‍ ആണ് സംഭവം. ഇതോടെ ഏഴ് പോസ്റ്റുകളിലെ വൈദ്യുതി ലൈനുകള്‍ പൊട്ടി വീണു. ഒപ്പം പോസ്റ്റുകളും റോഡിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു.
രാത്രിയില്‍ ഇതുവഴി വാഹനങ്ങളില്‍ എത്തിയവര്‍ ഭയന്നുപോയി. ഇവര്‍ പരിഭ്രാന്തരായി വിവരം പോലീസിനെയും കെ.എസ്.ഇ.ബിയെയും അറിയിച്ചു. റോഡില്‍ പൊട്ടിവീണുകിടന്ന വൈദ്യുതി കമ്പികളില്‍ വൈദ്യുതി പ്രവാഹം ഇല്ലന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച പ്രകാരം ഉറപ്പാക്കിയ ശേഷം ആണ് വാഹനങ്ങള്‍ കടന്നുപോയത്.
ഒപ്പം തന്നെ സമീപ പ്രദേശത്ത് ചെറുവള്ളി എസേ്റ്ററ്റിലും പഴയിടം ഭാഗത്തും വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചു.
മണിമല സെക്ഷനില്‍ നിന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ജീവനക്കാരും എത്തി രാവിലെ ആരംഭിച്ച ജോലികള്‍ പൂര്‍ത്തിയായത് വൈകുന്നേരത്തോടെയാണ്.
ക്രയിന്‍ യൂണിറ്റ് എത്തിച്ചാണ് പോസ്റ്റുകള്‍ നീക്കി പുതിയത് സ്ഥാപിച്ചത്. പൊട്ടിയ കമ്പികള്‍ നീക്കി പുതിയത് വലിച്ചു. 25 ഓളം പേര് ചേര്‍ന്നാണ് ഈ ജോലികള്‍ ചെയ്തത്.
തുടര്‍ച്ചയായി മരങ്ങള്‍ വീണ് കരിമ്പിന്‍തോട് പാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുകയാണ്. പഴക്കം ചെന്ന ഒട്ടേറെ മരങ്ങള്‍ ആണ് പാതയിലെ ഇരുവശങ്ങളിലുമായി വനത്തിലുള്ളത്. ഇവ വെട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരും നാട്ടുകാരും വനം വകുപ്പില്‍ നിവേദനം നല്‍കിയതാണ്.
കോണ്‍ഗ്രസ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, നടപടികള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എത്ര മരങ്ങള്‍ അപകട അവസ്ഥയിലാണെന്നുള്ള കണക്കെടുപ്പ് പോലും നടത്തിയിട്ടില്ലന്ന് ആക്ഷേപമുണ്ട്.
